ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീര്‍പ്പ് ഇനിയും നീളും. ഡിവിഷന് ബഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോള്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവം നടത്തി. തുടര്‍ന്നാണ് ഭിന്നവിധിയായതിനാല്‍ കേസ് ഇനി ഏത് ബഞ്ച് കേള്‍ക്കണം എന്നതില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് കേസ് റഫര്‍ ചെയ്തത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും അടക്കം നല്കിയ 25 ഹര്‍ജികളും തള്ളിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെക്കുന്നതായി വിധി പ്രസ്താവം നടത്തിയത്. എന്നാല്‍ ഫെബ്രുവരി അഞ്ചിലെ ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്നും നിരോധനം നീക്കാന്‍ ഉത്തരവിടുന്നുമെന്നുമാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി. ചീഫ് ജസ്റ്റിസാണ് ഇനി കേസിന്റെ തുടര്‍നടപടി ഏത് ബഞ്ചിന് വിടണം എന്നത് തീരുമാനിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന് തുടങ്ങി വിവിധ സംഘടനകളും ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്, ദേവദത്ത് കാമത്ത്, സല്മാന് ഖുര്‍ഷിദ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ഹാരിസ് ബീരാന്, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി കെ നവദഗി എന്നിവര്‍ ഹാജരായി. പത്ത് ദിവസം വാദംകേള്‍ക്കല്‍ നീണ്ടുനിന്നു.
Discussion about this post