പയ്യോളി: വെന്തുരുകുന്ന ചൂടിന് ആശ്വാസമായി ജില്ലയിൽ പലയിടത്തും വേനൽ മഴ ലഭിച്ചു. വൈകുന്നേരത്തോടെ ആരംഭിച്ച മഴ മണിക്കൂറുകൾ കഴിഞ്ഞും തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അകമ്പടിയായെത്തി.

മഴ ലഭിച്ചെങ്കിലും താപനില കാര്യമായി താഴ്ന്നിട്ടില്ല. അതേ സമയം തുടർച്ചയായി പെയ്തിറങ്ങിയ മഴ പ്രകൃതിയെ കുളിരണിയിച്ചു.
പയ്യോളി, തിക്കോടി, തുറയൂർ, മൂടാടി, കൊയിലാണ്ടി, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ വേനൽമഴയെത്തി. ചൂടിന് താത്കാലിക ആശ്വാസമായെങ്കിലും ദേശീയ പാത പലയിടത്തും വെള്ളത്തിലായി.
പയ്യോളി ടൗണിൽ, ദേശീയപാത നിർമാണത്തിനായെത്തിയ മണ്ണ്, മഴ വെള്ളത്തിൽ കുത്തിയൊലിച്ച് റോഡിലേക്ക് ചെളി പടർന്നു. ഏറെ ദൂരത്തോളം റോഡ് വെള്ളത്തിലായി. എങ്കിലും, ഗതാഗത സ്തംഭനമില്ലെന്നത് ആശ്വാസകരം. അപ്രതീക്ഷിത മഴ പലർക്കും ബുദ്ധിമുട്ടായി. കുടയെടുക്കാതെ ടൗണിലെത്തിയവരും വിദ്യാർഥികളും ജോലി കഴിഞ്ഞെത്തിയവരും ഏറെ ബുദ്ധിമുട്ടി.
പലരും മഴ നനഞ്ഞ് തന്നെ ഇറങ്ങി നടന്നു.
മാവുകൾക്ക് ഈ വേനൽമഴ ദോഷകരമാവുമെന്ന് കർഷകർ പറയുന്നു. പൂക്കളും, വിരിഞ്ഞ മാങ്ങകളും കൊഴിഞ്ഞു പോകാനും സാധ്യതയുണ്ടെന്നാണ് കർഷകരുടെ അഭിപ്രായം. എന്തായാലും കൊടും ചൂടിനിടെ ലഭിച്ച മഴ ആശ്വാസമായി.



































Discussion about this post