

പയ്യോളി: മിഠായി കടലാസിൽ മൊസൈക്ക് ചിത്രം തീർത്ത് പയ്യോളിയുടെ കലാകാരൻ ലോകത്തിൻ്റെ നെറുകയിൽ. പയ്യോളി നെല്യേരി മാണിക്കോത്ത് ഡോ. പി എം സുധീഷ് ആണ് മിഠായി കടലാസുകളിൽ ചിത്രം തീർത്ത് ഗിന്നസ് റെക്കോർഡിന് ഉടമയായത്.

ഈ വിഭാഗത്തിൽ ജപ്പാൻ കലാകാരൻ്റെ നിലവിലെ റെക്കോർഡ് തകർത്താണ് സുധീഷ് റെക്കോർഡ് സ്വന്തമാക്കിയത്.
6000 ത്തോളം മിഠായി കവറുകളിൽ 15.75 ചതുരശ്രമീറ്ററിൽ സുധീഷ് തീർത്ത സൃഷ്ടിയാണ് ഇനി ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ചിത്രം. പത്തുമണിക്കൂർ 17 മിനുട്ട് സമയമെടുത്താണ് 6000 മിഠായിക്കടലാസിൽ ഭീമൻ ചിത്രം പൂർത്തിയാക്കിയത്.

ജൂലായ് 28 ന് വൈകുന്നേരം 3.17 -ന് ആരംഭിച്ച ചിത്രനിർമാണം പൂർത്തിയാകുമ്പോൾ പുലർച്ചെ 1.34 ആയി.

നേരത്തേ, ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ചിത്രം 14.82 ചതുരശ്രമീറ്ററിൽ ജപ്പാൻകാരനായ മോസ്ബർജർ കിയൊക്കയ് നിർമിച്ചതായിരുന്നു. ഇതാണ് സുധീഷ് 10 മണിക്കൂറിൽ തകർത്തത്.
പരിപാടി കാണാനെത്തിയ ആളുകൾക്കിടയിൽ 6000 മിഠായികൾ വിതരണം ചെയ്യുയുകയും അവരിൽ നിന്നും മിഠായി കഴിച്ചതിന് ശേഷം കവറുകൾ തിരികെവാങ്ങിയായിരുന്നു ചിത്രനിർമാണം.

ഉണ്ടാക്കിവെച്ച പ്രതലത്തിൽ പശതേച്ച് ഒട്ടിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. മഞ്ഞ, പച്ച, ഓറഞ്ച്, നീല, വെള്ള എന്നീ നിറങ്ങളിലുള്ള മിഠായിക്കടലാസുകൾ ഒരേ ഇരിപ്പിൽ സുധീഷ് മനോഹരമായി ചേർത്തുവെച്ചപ്പോൾ അത് അക്വേറിയത്തിലെ സ്വർണമത്സ്യമായി മാറി.

ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, രാഷ്ട്രീയ-സാമൂഹിക -സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി നാനാതുറകളിലുള്ളവർ ഈ കലാവി രുന്നിന് സാക്ഷികളായി.
തുടർന്ന്, ചിത്രങ്ങളും, വീഡിയോ, വാർത്തകളടക്കം ഇതുമായി ബന്ധപ്പെട്ട അറുന്നൂറോളം രേഖകൾ ആണ് ലണ്ടനിലെ ഗിന്നസ് അധികൃതർക്ക് അയച്ചു നൽകിയത്.

കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
ന്യൂ മാഹി എം എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് സുധീഷ്. ചൊക്ലി ആർ വി എച്ച് എസ് സ്കൂളിലെ എസ് ശ്രീജിഷയാണ് ഭാര്യ. കീഴൂർ എ യു പി സ്കൂൾ വിദ്യാർഥി പി എം ഋതുനന്ദ്, പി എം തേജ്വൽ എന്നിവർ മക്കളുമാണ്.

പയ്യോളിയിലെ സുഹൃത്തുക്കളുടെയും കലാപ്രേമികളുടെയും നിർബന്ധവും സഹായവുമാണ് ഈ നേട്ടത്തിന് പ്രേരകമായതെന്ന് സുധീഷ് പറയുന്നു. പയ്യോളിയുടെ പ്രിയപ്പെട്ട കലാകാരൻ ഡോ. പി എം സുധീഷ് ഇനി മുതൽ ഗിന്നസ് സുധീഷ് എന്ന് അറിയപ്പെടും.






Discussion about this post