താമരശ്ശേരി(കോഴിക്കോട്) : അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52)യെ മകൻ മുഹമ്മദ് ആഷിഖ് (25) വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് സാക്ഷ്യപ്പെടുത്തി ദേഹത്തേറ്റ മുറിവുകൾ. പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ളതന്നെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളർത്തി വലുതാക്കിയ ഉമ്മയെ മകൻ മുഹമ്മദ് ആഷിഖ് (25) കൊലപ്പെടുത്തിയത് ദേഹത്ത് തുരുതുരാവെട്ടിയാണ്.
ആഴത്തിലുള്ള പതിനേഴുമുറിവുകളാണ് കൊടുവാൾ കൊണ്ടുള്ള വെട്ടിൽ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, ഒരേസ്ഥലത്തുതന്നെ കൂടുതൽതവണ വെട്ടി എണ്ണം കൃത്യമായി നിർണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകൾ.
അതിനാൽത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമികറിപ്പോർട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.
Discussion about this post