ചിങ്ങപുരം: ഭൂമിയുടെ അവകാശികളായ പ്രകൃതിയെയും, മണ്ണിനെയും, ജീവജാലങ്ങളെയും നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വന്മുകം -എളമ്പിലാട് എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ബഷീർ ദിനത്തിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
ബഷീർ ദിനത്തോടനുബന്ധിച്ച് ‘ഭൂമിയുടെ അവകാശികൾ’ ഉൾപ്പെടെയുള്ള ബഷീർ കൃതികൾ പരിചയപ്പെട്ട കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ബഷീറിന്റെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ടാണ് ചിങ്ങപുരം പോസ്റ്റോഫീസിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചത്.
വയൽനികത്തൽ, കുന്നിടിക്കൽ, വനനശീകരണം, ജീവജാലങ്ങളെ നശിപ്പിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കുട്ടികൾ കത്തുകളിലൂടെ ചൂണ്ടിക്കാട്ടി.
ജൂൺ 19 മുതൽ സെപ്തംബർ 25 വരെ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളുന്ന ‘വായനയുടെ നൂറ് ദിനങ്ങൾ’ പദ്ധതിയുടെ ഭാഗമായാണ് കത്തുകൾ അയച്ചത്. അനിൽകുമാർ പുളിഞ്ഞോളി ബഷീർ ദിന സന്ദേശം നൽകി.
സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് ആദ്യ കത്ത് പോസ്റ്റ് ചെയ്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിശ റിഫ, വി സിയോന, എസ് നൈനിക, പി കെ അബ്ദുറഹ്മാൻ, വി ടി ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.
Discussion about this post