പയ്യോളി: നഗരസഭയിലെ 4-5 വാർഡുകളുടെ അതിർത്തിയായ റോഡുകളുടെ ഇരുഭാഗത്തും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈദ്യുതി പോസ്റ്റുകളിൽ മണ്ണെണ്ണ വിളക്കുകൾ സ്ഥാപിച്ചു. അഞ്ച് പോസ്റ്റുകളിലാണ് വിളക്കുകൾ സ്ഥാപിച്ചത്.
പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നഗരസഭാംഗങ്ങളോട്, നിരന്തരമായി ആവശ്യപ്പെട്ടിട്ടും തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതും, ഉള്ളവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണമായത്. മൂരാട് ഓയിൽ മിൽ ടൗൺ മുതൽ താഴെക്കളരി യു പി സ്കൂൾ പരിസരത്ത് കൂടി പോവുന്ന റോഡു കവലകളിലാണ് തെരുവു വിളക്കുകൾ തീരെയില്ലാത്തത്. ഇരുട്ടിൻ്റെ മറവിൽ സ്കൂൾ പരിസരത്ത് സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ധിക്കുന്നുണ്ട്. പ്രദേശത്ത് പാമ്പ്, തെരുവുനായ ശല്യവുമുണ്ട്.
മെംബർമാരോട് ചോദിക്കുമ്പോൾ വാർഡുകളുടെ അതിർത്തിയായതുകൊണ്ടു തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം കൊടുക്കാനും പദ്ധതിയുണ്ട്. കെ ജെ മനോജ്, കെ എം ശ്രീധരൻ, സുജിത് ഏറം വള്ളി എന്നിവർ നേതൃത്വം നൽകി.
Discussion about this post