പയ്യോളി: തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കൊല്ലം സ്വദേശിയുടെ ഒറ്റയാൾ സമരം. തെരുവുനായ്ക്കൾ പെരുകുകയും അധികൃതർ ശാശ്വത പരിഹാരത്തിനുള്ള നടപടിയെടുക്കാതെ അനാസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊല്ലം നജീം കളങ്ങര എന്ന സാമൂഹ്യ പ്രവർത്തകൻ്റെ ഒറ്റയാൾ പോരാട്ടം.

കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച കാൽനടയാത്ര ഇന്ന് (ബുധനാഴ്ച) രാവിലെ 7 ഓടെയാണ് പയ്യോളി ബസ് സ്റ്റാൻ്റിലെത്തിയത്.
തെരുവുനായകളെ വന്ധ്യംകരിക്കുകയും അതത് തദ്ദേശ പരിധിയിൽ ഷെൽട്ടറുകളിൽ അടക്കുകയും ചെയ്യുക, തെരുവുനായകൾ കാരണം ഇനിയൊരു മരണമോ, പരിക്കോ, ആശുപത്രി വാസമോ ഉണ്ടാവരുതെന്നുമുള്ള പ്രചരണ ബോർഡുകൾ വീൽചെയറിൽ കെട്ടിവെച്ചാണ് ഈ ഒറ്റയാൾ പ്രതിഷേധം. തെരുവു നാടകം, ഒപ്പുശേഖരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിവേദനം എന്നിവയും പ്രതിഷേധ യാത്രയുടെ ഭാഗമായി നടക്കുന്നുണ്ട്.

അഴിമതി എവിടെ കണ്ടാലും പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെ ഇതിനകം 90 ഓളം യാത്രകൾ നടത്തിയതായി നജീം പറയുന്നു. വിലക്കയറ്റത്തിനെതിരെയും വാളയാർ പെൺകുട്ടികളുടെ മരണവും തുടങ്ങി നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്ന സമരങ്ങളിൽ ഒടുവിലത്തേതാണ് തെരുവു നായകൾക്കെതിരെയുള്ള പോരാട്ടം.
ഓരോ ദിവസവും 20 കിലോമീറ്റർ ദൂരമാണ് നജീം സഞ്ചരിക്കുന്നത്. പെട്രോൾ പമ്പുകൾ കണ്ടെത്തി അവിടെയോ, അല്ലെങ്കിൽ കടത്തിണ്ണകളിലോ ആണ് അന്തിയുറക്കം. അതത് സ്ഥലങ്ങളിലെ സുമനസ്സുകൾ നൽകുന്ന ഭക്ഷണം കഴിച്ച് ആണ് യാത്ര.
അധികൃതരുടെ അനാസ്ഥയും പദ്ധതി നടപ്പാക്കുന്നതിലെ സത്യസന്ധതയില്ലായ്മയുമാണ് തെരുവുനായ്ക്കൾ പെരുകുന്നതിന് കാരണമെന്ന് നജീം കളങ്ങര ആരോപിക്കുന്നു.

നായകളെ പിടികൂടി വന്ധ്യംകരിക്കുകയും അവയെ ഷെൽട്ടറിലടയ്കയും ചെയ്യണമെന്നാണ് നജീമിൻ്റെ ആവശ്യം. യാത്ര തിരുവനന്തപുരത്തെത്തിയാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും നജീം കളങ്ങര പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ രതീഷ് കുണ്ടംകുഴിയാണ് മഞ്ചേശ്വരത്ത് വെച്ച് യാത്ര ഉദ്ഘാടനം ചെയ്തത്.
കല്പപണിക്കാരനാണ് കൊല്ലം തേവലക്കര സ്വദേശിയായ നജീം കളങ്ങരയെന്ന 38 കാരൻ. ഇസ്മയിൽ കുഞ്ഞിൻ്റെയും ജമീലയുടെയും മകനാണ് ഇദ്ദേഹം. ഭാര്യ സലീനയുടെയും മക്കളായ ഷാനുവിൻ്റെയും ഹാത്തിൻ്റെയും പൂർണ പിന്തുണയും നജീമിൻ്റെ ഒറ്റയാൾ പോരാട്ടത്തിനുണ്ട്.






































Discussion about this post