കുഴിത്തുറ: വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ പോലീസിൽ പരാതി നൽകി. നിദ്രവിളയ്ക്കു സമീപം വാവറ പുളിയറത്തലവിളവീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.
അഭിതയുടെ സുഹൃത്തായ യുവാവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ തങ്കബായ് നിദ്രവിള പോലീസിൽ പരാതി നൽകിയത്. അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നൽകിയിരുന്നെന്നും പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
വയറുവേദനയെ തുടർന്ന് അഭിതയെ നവംബർ ഒന്നിന് മാർത്താണ്ഡം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായപ്പോൾ നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നിദ്രവിള പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹപരിശോധനാഫലം ലഭിച്ചശേഷമാകും കൂടുതൽ അന്വേഷണം.
Discussion about this post