പയ്യോളി: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിൻ്റെ അവസരോചിത ഇടപെടലിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് പുതുജന്മം. തൊണ്ടയിൽ സ്പൂൺ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ ഒൻപത് വയസ്സുകാരനാണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ പി എച്ച് എൻ കെ എം ഹർഷിന രക്ഷകയായത്.
ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ, ആശ വർക്കർമാർ, കൗൺസിലർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരടങ്ങിയ സംഘം നോട്ടീസ് വിതരണം, ഗൃഹസന്ദർശന പരിപാടികൾ എന്നിവ നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വാടക വീട്ടിൽ നിന്നും നിലവിളി കേട്ടത്.
ഇതര സംസ്ഥാന തൊഴിലാളിയായ രാജാസിംഗ് – യശോദ ദമ്പതിമാരുടെ 9 വയസായ മകൻ വീർ സിംഗ് കളിക്കുന്നതിനിടെ തൊണ്ടയിൽ സ്പൂൺ കുടുങ്ങിയതായിരുന്നു നിലവിളിക്ക് കാരണം. മാതാപിതാക്കളുടെ നിലവിളി കേട്ട് വാർഡ് കൗൺസിലർ രേവതി തുളസീദാസ്, ആശവർക്കർ സുശീല, ജെ പി എച്ച് എൻ കെ എം ഹർഷിന എന്നിവർ ഓടിയെത്തിയപ്പോൾ കാണുന്നത് തൊണ്ടയിൽ സ്പൂൺ കുടുങ്ങി ശ്വാസത്തിനായി പിടയുന്ന കുട്ടിയേയും നിസ്സഹായരായി നിലവിളിക്കുന്ന മാതാപിതാക്കളേയുമായിരുന്നു.
ഉടൻ തന്നെ, ഏറെ പണിപ്പെട്ട് ഹർഷിന കുട്ടിയുടെ തൊണ്ടയിൽ നിന്നും, വായയിലോ തൊണ്ടയിലോ ഒരു പോറൽ പോലുമേൽക്കാതെ, സ്പൂൺ പുറത്തെടുത്തു കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
അവസരോചിതമായ പ്രവൃത്തിയിലൂടെ ഒൻപതുകാരൻ്റെ ജീവൻ രക്ഷിച്ച ജെ പി എച്ച് എൻ കെ എം ഹർഷിനയ്ക്കും വാർഡ് മെമ്പർ രേവതി തുളസീദാസ്, ആശ വർക്കർ സുശീല എന്നിവർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോൾ.
Discussion about this post