


കൊയിലാണ്ടി: ആതുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലെ സജീവ സാന്നിധ്യമായ കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സ്വന്തമായി പുതിയ അഞ്ച് നില കെട്ടിടം ഉയരുന്നു. കൊയിലാണ്ടി കോതമംഗലത്ത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ തറവാട് നിന്നിരുന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അതിവേഗത്തിൽ പുരോഗമിക്കുന്ന നിർമ്മാണപ്രവൃത്തികൾ അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


2000 ആഗസ്റ്റ് നാലിനാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 25 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള നിലവിലെ വാടക കെട്ടിടത്തിൽ നിന്നും 150 കിടക്കകളുള്ള കൊയിലാണ്ടിയിലെ ആദ്യ സ്പെഷ്യാലിറ്റി ആശുപത്രിയായി കൊയിലാണ്ടി സഹകരണ ആശുപത്രി മാറും.

66,379 ചതുരശ്ര അടി വിസ്തീർണം ഉള്ള കെട്ടിടത്തിൽ എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉണ്ടാകും. ഏറ്റവും താഴെയുള്ള നിലയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പാർക്കിംഗ് ഏരിയയുമായിരിക്കും. ഗ്രൗണ്ട് ഫ്ലോറിൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ്, സ്‌കാ യുഎസ് ജി, സി ടി സ്കാനിംഗ് , എക്സ് -റെ, ഇ സി ജി, എക്കോ, ടി എം ടി, ലബോറട്ടറി, ഫാർമസി, വിവിധ ഒ പി വിഭാഗങ്ങൾ എന്നിവയുണ്ടാകും.

ഒന്നാം നിലയിൽ ഓപ്പറേഷൻ തിയ്യേറ്റർ, ഐ സി യു എന്നിവ അടക്കമുള്ള തിയ്യേറ്റർ കോംപ്ലക്‌സ് സജ്ജീകരിക്കും. രണ്ടാം നിലയിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, സ്പെഷ്യൽ റൂമുകൾ, കോൺഫറൻസ് ഹാൾ എന്നിവയും, മൂന്ന് നാല് നിലകളിൽ ഐ പി ക്കായുള്ള സൗകര്യങ്ങളും ഒരുക്കും.

കൊയിലാണ്ടിയിലേയും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരായ ആളുകൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ ന്യായമായ രീതിയിൽ സ്പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സാധ്യമാകും. മൊത്തം 50 കോടി രൂപയോളം വരുന്ന ഈ വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ട പൂർത്തീകരണത്തിനു 35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു .നാഷണൽ കോ- ഓപ്പറേറ്റിവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ (എൻ സി ഡി സി) നിന്നും കേരള സർക്കാർ വഴി വികസന പദ്ധതികൾക്കുള്ള ധനസഹായം ലഭ്യമാക്കുന്നുണ്ട്.

അതോടൊപ്പം തന്നെ ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തുന്നതിനായി ‘കെ സി എച്ച് കെയർപ്ലസ്’ എന്ന പേരിൽ ഒരു പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ചേരുന്ന അംഗങ്ങൾക്ക് നിശ്ചിത വാർഷിക വരുമാനവും ഒപ്പം ചികിത്സ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതാണ്.

10,000 രൂപ മുതൽ ഓഹരിനിക്ഷേപമുള്ളവർക്ക് ഒ പി വിഭാഗത്തിലും, 25,000 രൂപ മുതൽ ഓഹരി നിക്ഷേപമുള്ളവർക്ക് കിടത്തി ചികിത്സക്ക് ഉൾപ്പെടെയും ഇളവുകൾ ലഭിക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുമ്പോൾ ചികിത്സ ഇളവുകൾക്ക് പുറമെ നിശ്ചിത വാർഷിക വരുമാനവും ലഭ്യമാക്കും. കൂടാതെ വാർഷിക ഹെൽത്ത് ചെക്കപ്പ്, ഹോം കെയർ സേവനം എന്നിവയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.

വാർത്താ സമ്മേളനത്തിൽ ആശുപത്രി പ്രസിഡൻ്റ് പി വിശ്വൻ, വൈസ് പ്രസിഡൻ്റ് ടി കെ ചന്ദ്രൻ, ഡയരക്ടർമാരായ സി കുഞ്ഞമ്മദ്, മണിയോത്ത് മൂസ, പി കെ ഭരതൻ, ആർ കെ അനിൽകുമാർ, സെക്രട്ടറി യു മധുസൂദനൻ പങ്കെടുത്തു.


Discussion about this post