പയ്യോളി : ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂൾ ഹൈ സ്കൂളാക്കി ഉയർത്തുക എന്ന ആവശ്യം മുൻ നിർത്തിയുള്ള ബഹുജന ജനകീയ കൺവെൻഷൻ ഇന്ന്. നവംബർ 26 വൈകീട്ട് 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കൺവെൻഷൻ കൊയിലാണ്ടി എം എൽ എ കാണാത്തതിൽ ജമീല ഉദ്ഘാടനം ചെയ്യും.
പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പയ്യോളിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിതികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പയ്യോളി തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സർക്കാർ വിദ്യാലയമാണ് പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂൾ. 1961 ൽ ഏക അധ്യാപക വിദ്യാലയമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. പ്രീ പ്രൈമറി തലം മുതൽ ഏഴാം ക്ലാസുവരെയുള്ള പഠനത്തിന് ശേഷം തിക്കോടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തിക്കോടിയൻ സ്മാരക പയ്യോളി ഗവ: ഹയർ സെക്കന്ററി സ്കൂളിനെയാണ് ഉപരിപഠനത്തിനായി ഇവിടുത്തെ കുട്ടികൾ ആശ്രയിക്കുന്നത്. പയ്യോളി നഗര സഭയിൽ ഒരു സർക്കാർ സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളാണ് ഈ സ്കൂളിന് ഉള്ളത് എന്ന് സംഘാടകർ അറിയിച്ചു.
Discussion about this post