പയ്യോളി: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് രാജീവൻ കൊടലൂരിൻ്റെ പരാതിയിലാണ് കേസെടുത്തത്.
കണ്ടാലറിയാവുന്ന സി പി ഐ എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നാട്ടിൽ ക്രമസമാധാനം തകർക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
തിക്കോടിയിൽ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും, ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയിരുന്നത്.
കൊലവിളി മുദ്രാവാക്യത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും ജില്ലാ പഞ്ചായത്തംഗവും പോപ്പുലർ ഫ്രണ്ടും പരാതി നൽകിയിട്ടുണ്ട്.
Discussion about this post