തിരുവനന്തപുരം: ഈ മാസം 21 മുതൽ ക്ലാസുകൾ രാവിലെ മുതൽ വൈകിട്ടുവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ സ്‌കൂളുകൾ തുറക്കും. ഒൻപതുവരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും 21മുതൽ എല്ലാ ക്ലാസുകളും വൈകിട്ടുവരെയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസവും അടുത്തമാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് മന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രീപ്രൈമറി ക്ലാസുകളും നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പകുതി കുട്ടികൾക്ക് മാത്രമാണ് അനുമതി. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്‌സിലെ ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.
10,11,12 ക്ലാസുകൾ ഇപ്പോഴുള്ളതുപോലെ ഫെബ്രുവരി 19വരെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ സാധാരണപോലെ നടത്തുമെന്ന് ശിവൻകുട്ടി അറിയിച്ചു. എസ് എസ് എൽ സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. പത്തിലെയും പ്ലസ് ടുവിലെയും പൂർത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച് അദ്ധ്യാപകർ റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശം നൽകി.
Discussion about this post