തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ശിവഗിരി മഠത്തിന്‍റെ അഫിലിയേറ്റഡ് ആശ്രമം സെന്ററുകൾ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി യുകെയിൽ ആരംഭിക്കുന്ന ശിവഗിരി മഠം ഓഫ് യുകെ സെന്‍ററിന് ഇന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ലണ്ടനിൽ തുടക്കം കുറിക്കും. ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചരണ സഭ സേവനം യുകെയാണ് ലണ്ടനില്‍ ഈ സെന്‍റർ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലി, തീർഥാടന നവതി എന്നിവയുടെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഗോളതല ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിൽ നടക്കുന്ന വിവിധ പരിപാടികള്‍ക്കും ഇതിനോപ്പം തുടക്കം കുറിക്കും. ബ്രഹ്മവിദ്യാലയം ജൂബിലി ആഘോഷം ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും തീർഥാടന നവതിയാഘോഷം ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദും ഉദ്ഘാടനം ചെയ്യും.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ മുംബൈ മന്ദിര സമിതി ചെയര്‍മാന്‍ എം ഐ ദാമോദരന്‍, ആഗോള ശ്രീനാരായണ പ്രസ്ഥാന ചെയര്‍മാന്‍ അഡ്വ. വി കെ മുഹമ്മദ്, ആലുംമൂട്ടില്‍ ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍ (അമെരിക്ക), ബൈജു പാലയ്ക്കല്‍, ബിജു പെരിങ്ങത്തറ, സാജന്‍ കരുണാകരന്‍, ശശികുമാര്‍, മുന്‍ മേയർ ഡോ. ഓമന ഗംഗാധരന്‍, അനീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനാനന്തരം പ്രശസ്ത കലാകാരന്‍മാര്‍ ഗുരുദർശനത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടായിരിക്കും.
Discussion about this post