ന്യൂഡൽഹി: കെ റെയിലിന് ചുവപ്പുകൊടി കാട്ടി കേന്ദ്രം. സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയ്ക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. കേരളം നൽകിയ ഡിപിആർ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും
ഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് ഉടൻ അനുമതി നൽകാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിൽ നിന്നുള്ള എം പിമാരായ എൻ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡി പി ആറിൽ ഇല്ല. ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂവെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ റെയിലുമായി ചുമതലപ്പെട്ടവർ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post