സിൽവർ ലൈൻ പ്രതിരോധത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന പ്രാകൃതവും, ഹീനവുമായ നടപടി മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
വൃദ്ധന്മാരെയും സ്ത്രീകളേയും പോലിസ് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിക്കുന്ന കാഴ്ച്ച പരിഷ്കൃത സമൂഹത്തിന് കണ്ടുനിൽക്കാനാവില്ല. മുഖ്യമന്ത്രിയുടെ പൂർണ സമ്മതത്തോടെയാണ് പോലിസ് പ്രവർത്തിക്കുന്നത്. ഉരുക്കു മുഷ്ടി ഉപയോഗിച്ച് ചെറുത്തു നിൽപ്പുകളെ അടിച്ചൊതുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദേഹത്തിന്ന് ഈ നാടിന്റെ ചരിത്രം അറിയില്ല. കോടതി നിർദ്ദേശങ്ങൾ തീർത്തും ലംഘിച്ചു കൊണ്ടാണ് സിൽവർ ലൈനിനുള്ള സർവ്വേക്കല്ലുകൾ സംസ്ഥാന വ്യാപകമായി പോലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. നിയമവാഴ്ച്ച ഉറപ്പു വരുത്താൻ ബാധ്യതയുള്ള മുഖ്യമന്ത്രി നിയമം കൈയ്യിലെടുക്കുകയാണ്. തനിക്ക് ഉപരിയായി ഒരു നീതി ന്യായ വ്യവസ്ഥയും കേരളത്തിലില്ലായെന്നാണ് അദ്ദേഹം കരുതുന്നത്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതികളൊന്നും ലഭിച്ചിട്ടില്ലന്നാണ് റെയിൽവേ മന്ത്രി ഇന്ന് വീണ്ടും ലോക് സഭയിൽ വ്യക്തമാക്കിയത്. തത്ത്വത്തിൽ അംഗീകാരം (in principle approval) എന്നതിനർഥം എല്ലാ പഠനങ്ങളും പൂർത്തിയാക്കിയ ശേഷം കേന്ദ്ര അനുമതിക്ക് അപേക്ഷിക്കാമെന്നാണെന്ന് മന്ത്രി ഇന്ന് ഒരിക്കൽ കൂടി വിശദമാക്കിയിട്ടുള്ളത്.
സിൽവർ ലൈനിനെതിരെ നടക്കുന്ന ചെറുത്തു നിൽപുകളൊന്നും രാഷ്ട്രീയ പ്രേരിതമല്ല. രാഷ്ട്രീയ പരിഗണനകൾക്കപ്പുറം കേരളത്തിന്റെ നിലനിൽപ്പ് കൊതിക്കുന്ന ജനങ്ങളൊറ്റക്കെട്ടായിട്ടാണ് പ്രതിരോധത്തിന്റെ മുൻപിലുള്ളത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ പദ്ധതി വിലയിരുത്തി സിൽവർ ലൈൻ പാത ഉപേക്ഷിക്കണം.
എന്ത് വില കൊടുത്തും, കേരളം നിരാകരിച്ച ഈ പദ്ധതിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്ഥാവിച്ചു.
Discussion about this post