ന്യൂ ഡെൽഹി: പ്രകോപനമേതുമില്ലാതെ എം പിമാരെ തല്ലിച്ചതച്ചു സിൽവർ ലൈനിനെതിരെ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പിമാരെയാണ് പൊലീസ് വളഞ്ഞിട്ട് തല്ലിയത്. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പൊലീസ് പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറിൽ പിടിച്ചുവലിക്കുകയും ചെയ്തു. തന്നെ പുരുഷ പൊലീസുകാർ മർദ്ദിച്ചുവെന്ന് രമ്യാഹരിദാസ് ആരോപിച്ചു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു..
വിജയ് ചൗക്ക് ഭാഗത്ത് എം പിമാർ പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. പ്രതിഷേധം തടയാനെത്തിയ പൊലീസ് സംഘത്തിൽ വനിതകളാരും ഉണ്ടായിരുന്നില്ല.സുരക്ഷാ കാരണങ്ങളാൽ മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തങ്ങൾ എംപിമാരാണെന്ന് ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉന്തുംതള്ളും മർദ്ദനവും ഉണ്ടായത്.
സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാർലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുകയായിരുന്നു എന്നാണ് ഹൈബി ഈഡന്റെ നോട്ടീസിൽ പറഞ്ഞിരുന്നത്. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്
Discussion about this post