കൊച്ചി: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനു ഹൈക്കോടതിയുടെ ആശ്വാസ വിധി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
ഡിപിആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.
അതേസമയം നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വയ്ക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡി പി ആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡി പി ആർ സംബന്ധിച്ച് സംസ്ഥാന സർക്കാരിൽനിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് കേന്ദ്ര നിലപാട്.
Discussion about this post