
പയ്യോളി: അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും ചികിത്സക്കെത്തിയയാൾ മോഷ്ടിച്ചു കടന്നതായി പരാതി. നഷ്ടപ്പെട്ട പണം ചാത്തൻ സേവയിലൂടെ തിരിച്ചെടുത്ത് തരാമെന്നും വിശ്വസിപ്പിച്ച് വീണ്ടും മദ്രസ്സാധ്യാപകനിൽ നിന്നും പണം കവർന്നുവെന്നും മകനെ ഉപദ്രവിച്ചുവെന്നുമാണ് പരാതി.

ഏഴര പവൻ സ്വർണവും മൊത്തം രണ്ട് ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പയ്യോളിയിൽ മദ്രസ്സാധ്യാപകനായ പാലക്കാട് ആലത്തൂർ വാവുളളിയാപുരം മാട്ടുമല ഇസ്മയിൽ ആണ് പരാതിക്കാരൻ.

4 മാസങ്ങൾക്ക് മുൻപ് ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട, മന്ത്രവാദവും പച്ചമരുന്ന് ചികിൽസയും നടത്തിവരുന്ന കാസർഗോഡ് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണ് പരാതി.
ട്രെയിനിലുണ്ടായ പരിചയത്തെ തുടർന്ന്, ഇസ്മയിൽ ഷാഫിക്ക് തിക്കോടി കോടിക്കലിൽ ചികിൽസക്കായി മുറി ഏർപ്പാടാക്കി നൽകുകയും തുടർന്ന് ഈ മുറിയിൽ വെച്ചും ഇസ്മയിലിൻ്റെ വാടക വീട്ടിൽ വെച്ചും മുഹമ്മദ്ഷാഫി ചികിൽസ നടത്തി.

ഇതിനിടെ സപ്തംബർ 22 ന് വൈകീട്ട് ഇസ്മയിലിൻ്റെ ബെഡ് റൂമിൽ നിസ്ക്കരിക്കാനായി കയറിയ ഷാഫി ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും കവർന്നുവെന്നാണ് പരാതി.

തുടർന്ന്, ഗാന്ധിജയന്തി ദിവസം മുഹമ്മദ് ഷാഫി ഇസ്മയിലിൻ്റെ ഭാര്യയെ വിളിച്ച് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അലമാര ഇപ്പോൾ തുറക്കരുത്, രണ്ട് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

അതുവരെ പണവും സ്വർണവും നഷ്ടപ്പെട്ട വിവരം കുടുംബം അറിഞ്ഞിരുന്നില്ല.
തുടർന്ന് ഇയാൾ നിർദ്ദേശിച്ചതനുസരിച്ച് ഒക്ടോ. 5 ന് അലമാര തുറന്ന് പരിശോധിച്ചതോടെ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഇസ്മയിൽ വീണ്ടും മുഹമ്മദ് ഷാഫിയെ ഫോണിൽ വിളിച്ചപ്പോൾ ചാത്തൻ സേവയിലൂടെ നഷ്ടപ്പെട്ട പണവും സ്വർണ്ണവും തിരികെ നേടിത്തരുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് നിരന്തരം ഷാഫിയുമായി ബന്ധപ്പെട്ടിട്ടും പണവും സ്വർണ്ണവും ലഭിക്കാത്തതിനെ തുടർന്ന് പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇസ്മയിലിൻ്റെ 7 വയസ്സുകാരനായ മകനെയും ഭാര്യയെയും മർദ്ദിച്ചതായും കൂടാതെ ചികിൽസയുടെ ആവശ്യം പറഞ്ഞ് ഇസ്മയിലിൽ നിന്ന് പലപ്പോഴായി 75,000 രൂപയും കൈപ്പറ്റിയതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Discussion about this post