തിരുവനന്തപുരം: ബാഗേജ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തിൽ ബാഗേജ് പിന്നീട് എത്തിച്ചുവെന്ന് മൊഴിയിൽ പറയുന്നു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് പിന്നീട് എത്തിച്ചത്. ഇത് കോൺസുലേറ്റ് ജനറലിന്റെ സഹായത്തോടെയെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം ബാഗേജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് വിപരീതമായ കാര്യങ്ങളാണ് ശിവശങ്കറിന്റെ മൊഴിയിലുള്ളത്.
ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദുബായ് യാത്രയിൽ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടിയും നൽകി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
2016ലെ ദുബായ് യാത്രയ്ക്കിടെ ബാഗേജ് മറന്നെന്നും എം. ശിവശങ്കർ ഇടപെട്ട് യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യു.എ.ഇയിൽ എത്തിച്ചെന്നും ഇതിൽ കറൻസിയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Discussion about this post