കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടർന്ന് 31 പേർക്ക് വിഷബാധയേറ്റു. നേരത്തേ, ഭക്ഷ്യ വിഷബാധയേറ്റ് കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ വി പ്രസന്നയുടെയും ഏക മകൾ ഇ വി ദേവനന്ദ (16) യാണു മരിച്ചത്. കരിവെള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയായിരുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വിദ്യാർഥിനി.
ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പനി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് കൂൾബാർ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രദേശത്തെ മറ്റ് കടകളിലും പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി പ്രമീള പറഞ്ഞു.
Discussion about this post