പയ്യോളി : ശാസ്ത്ര കുതുകികൾക്ക് അറിവിന്റെ മായാജാലങ്ങൾ തുറന്ന് കൊണ്ട് പയ്യോളി ടെക്നിക്കൽ ഹൈ സ്കൂളിന്റെ ‘ശാസ്ത്ര 2023’ ടെക്ക് ഫെസ്റ്റ് സമാപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ടെക്നിക്കൽ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായ കരകൗശല ഉൽപ്പന്നങ്ങളും, കുട്ടികളുടെ വർക്കിംഗ് മോഡലുകളും, യന്ത്ര സാങ്കേതിക വിദ്യകൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള വർക്കിങ് മോഡലുകളും മേളയെ മികവുറ്റതാക്കി മാറ്റി.
കോഴിക്കോട് വെസ്റ്റ് ഹിൽ മിലിട്ടറി റെജിമെന്റിൽ നിന്നുള്ള മിലിറ്ററി സംവിധാനങ്ങളുടെ പ്രദർശനം കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ആകർഷിച്ചു. കുട്ടികൾക്ക് മിലിട്ടറി ഉപകരണങ്ങൾ കാണാനും, കയ്യിലെടുക്കാനും അവസരമുണ്ടായിരുന്നു. വിവിധ തരം തോക്കുകൾ, യുദ്ധോപകരണങ്ങൾ എന്നിവ കാണികളിൽ ഏറെ കൗതുകമുണർത്തി. കേരളാ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ പ്രാർശനവും മേളയിൽ സജീവമായിരുന്നു.
വടകര ടെക്നിക്കൽ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച കാറാണ് മേളയിലെ താരം. ബൈക്കിന്റെ എഞ്ചിൻ സ്വന്തമായി നിർമ്മിച്ച ചേസിസിൽ ഘടിപ്പിച്ച് വിവിധ വാഹനങ്ങളുടെ സസ്പെൻഷനും സ്റ്റിയറിംഗ് സംവിധാനങ്ങളും കൂടി സംയോജിപ്പിച്ചപ്പോൾ നല്ല ഒന്നാന്തരമൊരു വാഹനം തന്നെ അവർ രൂപകൽപ്പന ചെയ്തു.
വാഹനം സ്റ്റാർട്ട് ചെയ്യുന്ന ഓരോ സമയത്തും കുട്ടികൾ കൗതുകത്തോടെ ഓടി കൂട്ടുന്നുണ്ടായിരുന്നു. കോഴിക്കോട് പോളി ടെക്നിക്ക്, ജില്ലയിലെ വിവിധ ഐ ടി ഐ കൾ, സ്വകാര്യ ടെക്നിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള സ്റ്റാളുകൾ ഓരോന്നും ഒന്നിനൊന്ന് മികവ് പുലർത്തി.
രാവിലെ നടന്ന ചടങ്ങിൽ ശാസ്ത്ര സാങ്കേതിക പ്രദർശനവും സെമിനാറും കെ മുരളീധരൻ എം പി യാണ് ഉദ്ഘാടനം ചെയ്തത്. എക്സിബിഷൻ സ്റ്റാളിന്റെ ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീലയും നിർവ്വഹിച്ചു. പയ്യോളി നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
Discussion about this post