കോട്ടയം: യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതി ജയിൽ ചാടി. ഷാൻ കൊലക്കേസിലെ നാലാം പ്രതിയായ ബിനു മോനാണ് പുലർച്ചെ കോട്ടയം സബ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ അടുക്കളയിൽ നിന്ന് പലക വച്ചാണ് പ്രതി കടന്നത്.
രാവിലെ അടുക്കളയിലെ ജോലിക്കായി ബിനു മോനെ നിയോഗിച്ചിരുന്നു. അടുക്കളയുടെ പിൻഭാഗത്ത് ചാരി വച്ചിരുന്ന പലകയിൽ ചവിട്ടി ഇയാൾ മതിൽ ചാടുകയായിരുന്നു. അഞ്ചരയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പ്രതിയെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
കോട്ടയത്ത് വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോന്‍ റിമാന്‍ഡിലായത്.
നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെ.ടി ജോമാനാണ് കൊലപാതകം നടത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത്.
അതേയമയം, ബിനുമോനെ കാണാനായി ഭാര്യ കഴിഞ്ഞദിവസം ജയിലില്‍ എത്തിയിരുന്നു. എത്രയും പെട്ടെന്ന് തനിക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്ന് ബിനുമോൻ ഭാര്യയോട് പറഞ്ഞിരുന്നതായി വിവരങ്ങളുണ്ട്. ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post