മുംബൈ: കൽക്കി 2898 എഡി എന്ന സിനിമക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ മുകേഷ് ഖന്ന. ബി.ആർ. ചോപ്രയുടെ മഹാഭാരതം സീരിയയിലെ ഭീഷ്മരുടെ റോളിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയനായ മുകേഷ് ഖന്ന പിന്നീട് ശക്തിമാൻ എന്ന ആദ്യ ഇന്ത്യൻ സൂപ്പർ ഹീറോ പരമ്പരയിലൂടെ അന്നത്തെ കുട്ടികളുടെയും ഇഷ്ടതാരമായി മാറിയിരുന്നു.
കൽക്കി സിനിമ മഹാഭാരതത്തെ വളച്ചൊടിക്കുന്നു എന്നാണ് മുകേഷ് ഖന്നയുടെ ആരോപണം. ഭാവിയിൽ അശ്വത്ഥാമാവ് തന്‍റെ രക്ഷകനാകുമെന്നാണ് കൃഷ്ണൻ പറഞ്ഞാതായാണ് സിനിമയിൽ കാണിക്കുന്നത്. കൃഷ്ണൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അതിൽ എനിക്ക് എതിർപ്പുണ്ട്. എല്ലാ സനാതന ഹിന്ദുക്കളും അതിനെ എതിർക്കണം- അദ്ദേഹം ആഹ്വാനം ചെയ്തു.
അമിതാഭ് ബച്ചനാണ് കൽക്കി സിനിമയിൽ അശ്വത്ഥാമാവിന്‍റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നായകൻ പ്രഭാസിനെക്കാൾ കൈയടി നേടിയ സ്ക്രീൻ പ്രസൻസാണ് അശ്വത്ഥാമാവിൽ ബച്ചൻ കൊണ്ടുവന്നിട്ടുള്ളതെന്നാണ് ആസ്വാദകരുടെ പക്ഷം. ഇതിനിടെയാണ് ഇതേ ക്യാരക്റ്ററിനെക്കുറിച്ചുള്ള മുകേഷ് ഖന്നയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.
”ആദിപുരുഷ് സിനിമയിലും നമ്മുടെ ഹിന്ദു പുരാണങ്ങൾ പരിഹസിക്കപ്പെട്ടു. പികെ എന്ന സിനിമയിലും ഇതുണ്ടായി. ഇത് മതം കൊണ്ടുള്ള കളിയാണ്”, അദ്ദേഹം മുന്നറിയിപ്പ് നൽകി. പഴയ ശക്തിമാൻ സീരിയൽ സിനിമയായി അവതരിപ്പിക്കുമ്പോൾ അത് കൽക്കിയെക്കാൾ മികച്ചു നിൽക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൽക്കി നാളത്തെ കഥയാണ്, ശക്തിമാൻ ഇന്നിന്‍റെയും എല്ലാക്കാലത്തിന്‍റെയും കഥയാണ്- അദ്ദേഹം വിശദീകരിച്ചു.
Discussion about this post