ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇപ്പോൾ സെൽഫിയെടുക്കാൻ ആളുകളുടെ തിരക്കാണ്. പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിച്ച കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിമ്മിച്ച സെൽഫി പോയിന്റാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് സ്റ്റാൻറിലാണ് ചിറക് വിരിച്ചു നിൽക്കുന്ന ഈ വർണ്ണ ശലഭം.
മുഴുവനും പല നിറങ്ങളിലുള്ള കുപ്പികളുടെ അടപ്പുകൾ. പഞ്ചായത്തിൻറെ വിവിധ ഭാഗത്ത് നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ 13,000 ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും വ്യത്യസ്ത നിറങ്ങളിലുള്ള പതിനായിരത്തോളം അടപ്പുകൾ തെരഞ്ഞെടുത്തു. നെടുങ്കണ്ടം സ്വദേശിയായ പ്രിൻസ് എന്ന ശില്പിയാണ് ചിത്ര ശലഭത്തിൻറെ രൂപത്തിൽ സെൽഫി പോയിൻറ് നിർമ്മിച്ചത്.ചിത്രശലഭത്തിന് തേൻ കുടിക്കാനുള്ള പൂക്കളും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്തിനെ മാലിന്യമുക്തമാക്കി മാറ്റുന്നതിന് മുന്നോടിയായുഉള്ള ക്യാമ്പയിൻറെ ഭാഗമാണ് ഈ വ്യത്യസ്തമായ പ്രവർത്തനവും. ആളുകൾക്ക് ഇവിടെയെത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന ചിത്രത്തിന് പഞ്ചായത്ത് സമ്മാനവും നൽകും. ഇതോടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഇരട്ടയാർ സ്റ്റാൻഡിലെത്തുന്ന ബസുകളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാതെ ശേഖരിക്കാനായി പ്രത്യേക സഞ്ചികളും നൽകിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ഇരട്ടയാറ്റിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഇതിനകം കിട്ടിയിട്ടുണ്ട്.
Discussion about this post