ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോർത്തി എസ് ഡി പി ഐക്ക് നല്‍കിയെന്ന ആരോപണത്തില്‍ പോലീസുകാരനെതിരെ നടപടിയുണ്ടാവും. വിവിരം ചോര്‍ത്തിയിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളോടെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു.
സംഭവത്തില്‍ ആരോപണ വിധേയനായ ഇടുക്കി കരിമണ്ണൂര്‍ സ്‌റ്റേഷനിലെ സി പി ഒ പി കെ അനസിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ജി ലാലാണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക വിവരണ ശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചുവെച്ച ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ എസ് ഡി പി ഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം. വാട്‌സാപ്പ് വഴിയാണ് വിവരങ്ങള്‍ എസ് ഡി പി ഐ നേതാവിന് കൈമാറിയിട്ടുള്ളത്.
ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് ശുപാര്‍ശ. അതിന്റെ ഭാഗമായി പിരിച്ചിവിടാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ബോധിപ്പിക്കാനുണ്ടോ എന്നത് തേടിയാണ് നടപടികളുടെ ഭാഗമായി നോട്ടീസ് നല്‍കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി തന്നെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് തൊടുപുഴയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയ കാര്യം പുറത്താകുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ശേഷം സസ്‌പെന്‍ഡ് ചെയ്തു. പിന്നീടാണ് വിശദമായ അന്വേഷണം നടത്തിയത്.
Discussion about this post