എലത്തൂര്‍: പൊതുവിദ്യാഭ്യാസവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരാതിപ്പെട്ടി (ഡ്രോപ്പ് ബോക്‌സ്) സ്ഥാപിക്കാത്ത സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വിവരം ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നടപടി കര്‍ശനമാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ തരത്തിലുമുള്ള പരാതികളറിയിക്കാന്‍ സ്‌കൂള്‍ ഓഫീസിനോടുചേര്‍ന്ന് പരാതിപ്പെട്ടി സ്ഥാപിക്കാന്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് കേന്ദ്ര-സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പൂര്‍ണ അര്‍ഥത്തില്‍ വിദ്യാലയങ്ങള്‍ ഇത് ഏറ്റെടുത്തിരുന്നില്ല. എല്‍.പി., യു.പി., ഹൈസ്‌കൂളുകള്‍ എന്നിവയ്ക്കുപുറമേ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വികസിപ്പിച്ചെടുത്ത പോക്‌സോ ഓണ്‍ലൈന്‍ ഇ-പരാതിപ്പെട്ടികളുടെ സ്ഥിതിയും ഇതോടൊപ്പം പരിശോധിക്കും.
Discussion about this post