പയ്യോളി: കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ടിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാജ്യാന്തര ടൂർ ഓപ്പറേറ്റർമാരുടെയും ടൂറിസം പ്രതിനിധികളുമടങ്ങുന്ന 45 അംഗ സംഘം സർഗാലയ സന്ദർശിച്ചു. 2012 മുതൽ കെ ടി എം അംഗമായ സർഗാലയയിലേക്ക് ആദ്യമായാണ്, പരിപാടിക്ക് ശേഷം ഒരു സംഘം സന്ദർശിക്കുന്നത്. സർഗാലയയിൽ വിദേശവിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് സന്ദർശിക്കാനും താമസിക്കാനുള്ള മികച്ച സൗകര്യവും മറ്റ് ആകർഷണങ്ങളും സംഘാംഗങ്ങൾ നേരിൽ കാണുകയും മികച്ചതെന്ന് വിലയിരുത്തുകയും ചെയ്തു.

ഉത്തരവാദിത്ത വിനോദസഞ്ചാരത്തിലൂന്നിയുള്ള സർഗാലയ കേരളത്തിലെ ഒരു മാതൃക വിനോദസഞ്ചാര പദ്ധതിയെന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള ടൂർ ഓപ്പറേറ്റർമാർക്ക് മികച്ച അനുഭവമായി. ആസ്ട്രേലിയ, മെക്സിക്കോ, ബഹ്റൈൻ, പോളണ്ട്, ഫിലിപ്പൈൻസ്, കാനഡ, റൊമാനിയ, യു എസ് എ, യു കെ, തായ്ലൻഡ്, ഇറ്റലി, ഇറാൻ, സിംഗപ്പൂർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. സർഗാലയ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി പി ഭാസ്ക്കരൻ, ജനറൽ മാനേജർ ടി കെ രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം ടി സുരേഷ്, ക്രാഫ്റ്റ്സ് ഡിസൈനർ കെ കെ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ സംഘാംഗംങ്ങളെ സ്വീകരിച്ചു.

കെ ടി എം മലബാർ മേഖലയിൽ നിന്നും മാനേജ്മെന്റ് കമ്മിറ്റി അംഗമായ രാകേഷ് ഒളപ്പമണ്ണ മന, സംഘത്തിന് നേതൃത്വം നൽകി. സർഗാലയയിലെ വിഭവസമൃദ്ധമായ കേരളീയ സദ്യയും കഴിച്ചാണ് സംഘം മടങ്ങിയത്. വരും നാളുകളിൽ കോവിഡിനെ അതിജീവിച്ച് മുന്നേറുന്ന കേരള വിനോദ സഞ്ചാര മേഖലക്ക് മികച്ച നേട്ടം പകരാൻ കെ ടി എമ്മും തുടർന്ന് സംഘടിപ്പിച്ചിട്ടുള്ള പോസ്റ്റ് മാർട്ടും ഉപകരിക്കുമെന്നാണ് കരുതുന്നത്. മലബാറിന്റെ വിനോദ സഞ്ചാരമേഖലയുടെ സമഗ്രവികസനവും സർഗാലയയുടെ പുരോഗതിക്കും വിനോദസഞ്ചാര സാധ്യതകൾക്ക് മികച്ച നേട്ടവുമാണ് ഈ യാത്ര സമ്മാനിക്കുന്നത്.

Discussion about this post