തിരുവനന്തപുരം: കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയതിന് സൈബർ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അവർ പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതികാഘാതം വരുത്തിവയ്ക്കാൻ പോകുന്ന പദ്ധതിയാണ് കെ-റെയിലെന്നും അതിനോടുള്ള എന്റെ ശക്തമായ എതിർപ്പ് അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. ”ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല.”-സാറാ ജോസഫ് കുറിച്ചു.കെ റെയിലിൽ പദ്ധതിക്കെതിരെ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടത് അനുകൂലികളാണ് സൈബർ ആക്രമണം നടത്തിയത്. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ’ എന്നു തുടങ്ങുന്നതാണു കവിത. പിന്നാലെ ‘സിൽവർ ലൈൻ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബർ ആക്രമണങ്ങളെ തെറിയാൽ തടുക്കുവാൻ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. റഫീഖ് അഹമ്മദിനു പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
Discussion about this post