തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ്. രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്നും അല്ലെങ്കിൽ സർക്കാർ പുറത്താക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രഞ്ജിത് ലൈംഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.സംഭവത്തിൽ നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. സംഭവ ദിവസം തന്നെ നടി തന്നോട് വിവരം പറഞ്ഞിരുന്നു.
കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലേഖയെ ഓഡിഷനായി വിളിച്ചതല്ല. രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ശ്രീലേഖയ്ക്ക് ദുരനുഭവമുണ്ടായത്. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. കെ ആർ മീര പൊതുവേദിയിൽ രഞ്ജിത്തിൻ്റെ പ്രവർത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.
വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് കരുതിയതെന്നും എന്നാൽ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും മിത്ര പറഞ്ഞു. അതേസമയം ആരോപണങ്ങൾ തള്ളി രഞ്ജിത് രംഗത്തെത്തിയിരുന്നു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. പാലേരിമാണിക്യത്തിന്റെ ഓഡിഷന് ശ്രീലേഖ വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നുമായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.
Discussion about this post