തിരുവനന്തപുരം: ‘ദൈവം കൈതൊട്ട മാന്ത്രികവളവ്’ അതിലൂടെയാണ് സന്ധ്യ എന്ന പെൺകുട്ടി സ്വപ്നങ്ങളെ ജീവിതത്തിലേക്ക് വരച്ചുചേർക്കുന്നത്. വീട്ടിലേക്കുള്ള വഴിയിൽ വളർന്നുപടർന്ന പുൽപ്പടർപ്പിലൂടെ അമ്മയുടെയും പ്രിയപ്പെട്ടവരുടെയും ഒക്കത്തിരുന്ന് ലോകത്തെ അവൾ കാണും… കാൻവാസിലേക്ക് വരച്ചുചേർക്കും.
ഇരുകൈയും കാലുകളുമില്ലാതെയാണ് പാച്ചലൂർ സ്വദേശി സന്ധ്യയുടെ ജനനം. എന്നാൽ, ഇടതുകൈമുട്ടിലെ നേർത്ത വളവിലേക്ക് അവൾ ആത്മവിശ്വാസത്തോടെ പെൻസിൽ പിടിപ്പിച്ചു. പതിയെപ്പതിയെ നിറംകലർത്തിയ വരക്കോപ്പുകളെ തന്റെ വരുതിയിലാക്കി. അഞ്ചാം വയസ്സിൽ കോറിവരച്ച ചിത്രങ്ങളിലൂടെ വളർന്ന് പത്താംക്ലാസുകാരിയായി വിജയിച്ചു. വരച്ചുപൂർത്തിയാക്കിയ മോഹൻലാൽ ചിത്രവുമായി ‘പ്രിയപ്പെട്ട ലാലേട്ടനെ’ കാണാനുള്ള കാത്തിരിപ്പിലാണവൾ. ചലച്ചിത്രനടൻ മധു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർക്ക് നേരത്തേ ചിത്രം വരച്ചുസമ്മാനിച്ചിരുന്നു. ‘‘ലാലേട്ടനെ കാണണം, എങ്ങനെയും ഈ ചിത്രം സമ്മാനിക്കണം. ജീവിതത്തിലെ വലിയൊരു ആഗ്രഹമാണത്…’’ -സന്ധ്യ പറയുന്നു. ഇപ്പോൾ ചിത്രരചന പഠിക്കുന്നുണ്ട്. ഓയിൽ പെയിന്റിങ്, അക്രിലിക്, ഫാബ്രിക് പെയിന്റിങ്, ബോട്ടിൽ ആർട്ട് തുടങ്ങി പാചകമുൾപ്പെടെ നിശ്ചയദാർഢ്യത്തിലൂടെ അവൾ മെരുക്കിയെടുത്തു. കൂടാതെ ‘സന്ധ്യാസ് വേൾഡ്’ എന്ന യുട്യൂബ് ചാനലുമുണ്ട്. വാഴമുട്ടം ഗവ. എച്ച്.എസിൽനിന്നാണ് പത്താംക്ലാസ് പഠനം പൂർത്തിയാക്കിയത്. ഇനി പ്ലസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ്.
വീട്ടിൽനിന്ന് റോഡിലേക്കുള്ള ചെറിയ വഴിയായതിനാൽ വീൽച്ചെയറിന് കടന്നുപോകാനാകില്ല. അതിനാൽ പരസഹായമില്ലാതെ പുറത്തുകടക്കാൻ നിവൃത്തിയില്ല. അതാണ് സന്ധ്യയുടെ ഏറ്റവുംവലിയ സങ്കടവും. അവൾക്ക് ജീവിക്കാൻ വഴിതെളിയണം… കൂലിപ്പണിക്കാരനായ സന്തോഷും രേഖയും മകളുടെ സ്വപ്നങ്ങൾക്കൊപ്പം കൂടെയുണ്ട്. നാലാംക്ലാസുകാരി അഖിത സഹോദരിയാണ്.
Discussion about this post