കൊച്ചി: നടി മഞ്ജു വാര്യരെ താന്‍ ശല്യപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് സനല്‍ കുമാറിന്റെ പ്രതികരണം. രണ്ട് പേരുടെ ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്.
‘അറസ്റ്റ് ഗൂഢാലോചനയാണ്. ഒരു കോള്‍ വിളിച്ചാല്‍ ഞാന്‍ പൊലീസിന് മുന്നില്‍ ഹാജരാകുമായിരുന്നു. എന്നാല്‍ പൊലീസ് എന്നെ വിളിച്ചില്ല. പകരം ലൊക്കേഷനൊക്കെ ട്രെയ്‌സ് ചെയ്ത് ഏതോ തീവ്രവാദിയെ പിടികൂടുന്ന പോലെയാണ് അറസ്റ്റ് ചെയ്തത്. ഞാനും അനിയത്തിയും ബന്ധുക്കളും ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ പൊലീസ് എത്തി ബലമായി പിടിച്ച് ഇറക്കുകയായിരുന്നു’- സനല്‍കുമാര്‍ പറഞ്ഞു.
തനിക്ക് ചില കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനുണ്ട്. ഇക്കാര്യങ്ങള്‍ എഴുതി നല്‍കന്‍ അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജു വാര്യയെ സനല്‍കുമാര്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.സനല്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു. അന്വേഷണവുമായി സനല്‍കുമാര്‍ സഹകരിക്കുന്നില്ലെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
Discussion about this post