തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കും. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചചെയ്തെങ്കിലും അന്തിമ തീരുമാനം നാളെ ചേരുന്ന സമ്പൂർണ സെക്രട്ടറിയേറ്റ് യോഗത്തിൽ മതിയെന്നാണ് തീരുമാനം.
അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്രനേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തോട് വിവരം തേടിയെന്നും ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന പ്രവർത്തിയായിരുന്നെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ തീരുമാനമെടുത്തതായും വിവരമുണ്ട്.
എന്നാൽ താൻ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് വിമർശിച്ചതെന്നാണ് സജി ചെറിയാൻ ആവർത്തിക്കുന്നത്. രാജി വയ്ക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവയ്‌ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തേക്കു വന്നപ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്. താൻ എന്തിന് രാജി വയ്‌ക്കണമെന്നും എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടന്ന പൊതുപരിപാടിയിൽ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നായിരുന്നു മന്ത്രി പറഞ്ഞത്. വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തിൽ ഗവർണർക്ക് കോൺഗ്രസ്, ബി ജെ പി നേതാക്കൾ പരാതി നൽകുകയും, മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
Discussion about this post