തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കായി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ ആരംഭിച്ചതോടെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധം കടുപ്പിച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതോടെ അംഗങ്ങളോട് സഭയിൽ ഇരുന്ന് സഹകരിക്കണമെന്നും പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധം സഭ നടപടികൾക്ക് എതിരാണെന്നും സ്പീക്കർ എം.ബി. രാജേഷ് പഞ്ഞു.
തുടർന്നു ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സ്പീക്കർ ധനാഭ്യർഥന ചർച്ചയിലേക്ക് കടന്നു. ധനാഭ്യർഥന ചർച്ച കഴിഞ്ഞതോടെ സ്പീക്കർ സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി അറിയിച്ചു. എട്ട് മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേർന്നത്.
Discussion about this post