തിരുവനന്തപുരം: സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കി. നാളെയാണ് ചോദ്യം ചെയ്യല്‍. ഇതിന് മുന്നോടിയായി സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘം പരിശോധന നടത്തുകയാണ്. കോടതിയ്ക്ക് കൈമാറാത്ത ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഇയാളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് കാണിച്ച് ദിലീപ് ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. നീക്കം ചെയ്തവയ്ക്ക് കേസുമായി ബന്ധമില്ലെന്നും, സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് കോടതിയില്‍ വ്യക്തമാക്കിയത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ല. കേസില്‍ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ച് പറയിച്ചതാണ്. ദാസന് ഓഫീസില്‍ എത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡ് ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിരുന്നു.
Discussion about this post