തൃശൂര്‍: സേഫ്റ്റി പിന് വിഴുങ്ങി ജീവന് അപകടത്തിലായ 8 മാസം പ്രായമുള്ള ആണ്‍കുട്ടിയെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജിലാണ് കുട്ടിക്ക് ചികിത്സ നൽകിയത്. ആശുപത്രിയില്‍ എത്തുന്നതിനും രണ്ടാഴ്ചമുന്പ് സേഫ്റ്റിപിന്‍ വിഴുങ്ങിയെങ്കിലും വൈകിയാണ് അറിയുന്നത്.
മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ്. ജനുവരി 19ന് രാത്രിയാണ് കുഞ്ഞിനെ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്കെത്തിച്ചത്. നേരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ബോധരഹിതമായ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റി. പരിശോധനയ്ക്കിടെ തലച്ചോറിലും പഴുപ്പ് കണ്ടെത്തി. ശസ്ത്രക്രിയക്കൊരുങ്ങിയ സമയത്താണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കൊവിഡ് ഐസിയുവിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവായ ശേഷം ന്യൂറോ സര്‍ജറി വിദഗ്ധര്‍ തലച്ചോറിലെ പഴുപ്പ് നീക്കം ചെയ്തു.
ഇതോടെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ അന്നനാളത്തില്‍ സേഫ്റ്റി പിന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ അടിയന്തരശസ്ത്രക്രി ചെയ്ത് പിന് പുറത്തെടുത്തു. തുറന്ന നിലയിലായിരുന്നു സേഫ്റ്റി പിന് കുടുങ്ങിക്കിടന്നത്. അന്നനാളത്തിലെ പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിന് അന്നനാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സേഫ്റ്റിപിന്നും നീക്കം ചെയ്തതോടെ കുട്ടി അപകടനില തരണം ചെയ്തു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Discussion about this post