തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള പോര് മുറുകുന്നു. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സ്വാമി സച്ചിദാനന്ദ നടത്തിയ ഇടപെടലുകളെ അതിരൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്.
സ്വാമിയെ ‘പമ്പര വിഡ്ഢി’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി, അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും തുറന്നടിച്ചു.സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്ന ചോദ്യമാണ് വെള്ളാപ്പള്ളി പ്രധാനമായും ഉയർത്തിയത്. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടതെന്നും മഠത്തിന് അതിന്റേതായ ധർമ്മമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യക്തിപരമായ താത്പര്യങ്ങൾ മഠത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാനാണ് സ്വാമി ശ്രമിക്കുന്നതെന്നും, ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ സച്ചിദാനന്ദയ്ക്ക് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.ശിവഗിരി മഠം പ്രസിഡന്റ് എന്ന നിലയിൽ ഒരു അഭിപ്രായം പറയണമെങ്കിൽ അത് മഠം ട്രസ്റ്റ് ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
എന്നാൽ ഇപ്പോൾ നടക്കുന്നത് സച്ചിദാനന്ദയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള കാര്യങ്ങളാണ്. ഇത് മഠത്തിന്റെ സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 18 പേരുടെ പട്ടിക നൽകിയെന്ന് പറയുന്ന സച്ചിദാനന്ദയുടെ വാക്കുകളെ പരിഹസിച്ച അദ്ദേഹം, ഇതിൽ എത്രപേർ സ്ഥാനാർഥികളാകുമെന്ന് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഹൈക്കോടതി നടപടിയെ ശിവഗിരി മഠം സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി കടുത്ത പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.




































Discussion about this post