കീവ്: യുക്രെയ്നിൽ രണ്ടാം ദിനവും പട്ടാള നടപടി തുടര്‍ന്ന് റഷ്യ. കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നു. ഇന്ന് 6 സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേര് കീവ് വിട്ടെന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്.
യുക്രെനിലെ റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദിനം 137 പേര് കൊല്ലപ്പെട്ടതായി യുക്രെന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര് രാജ്യം വിടുന്നത് യുക്രൈന് ഭരണകൂടം വിലക്കി. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് യുക്രെന് സര്‍ക്കാര്‍ പുറത്തിറക്കി.
അതേസമയം, യുക്രെന് സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.
Discussion about this post