കൊച്ചി : നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായതോടെ ഡോളറിനെതിരെ രൂപ കൂടുതൽ ദുർബലമാകുന്നു. വിലക്കയറ്റം അതിരൂക്ഷമാകുന്നതിനൊപ്പം റഷ്യയുമായുള്ള രാഷ്ട്രീയ സംഘർഷം മൂർച്ഛിക്കുന്നതുമാണ് ലോകത്തെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കാൻ പ്രധാന കാരണം. ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം തുടരുന്നതിനാൽ മാത്രമാണ് ഡോളറിനെതിരെ രൂപ വൻ തകർച്ച നേരിടാത്തതെന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. ഇന്നലെ രൂപ 27 പൈസ നഷ്ടത്തോടെ വീണ്ടും 80 ലേക്ക് താഴ്ന്നിരുന്നു. പൊതുമേഖ
ലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതാണ് ഒരു പരിധി വരെ രൂപയ്ക്ക് ആശ്വാസം പകർന്നത്. നടപ്പുവർഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 15 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. ഇന്നലെ ഡോളറിനെതിരെ രൂപ 79.95ൽ വ്യാപാരം പൂർത്തിയാക്കി. അതേസമയം കേന്ദ്രസർക്കാരും റിസർവ് ബാങ്കും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഡോളറിനെതിരെ രൂപ വീണ്ടും ദുർബലമാകാനാണ് സാധ്യതയെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യയിടിവ് കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് മികച്ച സാധ്യതകൾ തുറന്നിടുമ്പോൾ ഇറക്കുമതി സ്ഥാപനങ്ങൾ വൻ പ്രതിസന്ധിയി
ലേക്ക് നീങ്ങുകയാണ്. ടെക്സ്റ്റൈൽസ്, സ്വർണം, വജ്രാഭരണം എന്നീ മേഖലയിലെ കമ്പനികൾക്ക് ആഗോള വിപണിയിൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ രൂപയുടെ മൂല്യയിടിവ് കരുത്തുപകരുകയാണ്. ഐ ടി മേഖലയിലും രൂപയുടെ മൂല്യമിടിവ് ഏറെ ഗുണമായി മാറുന്നു. പ്രമുഖ ഐ ടി കമ്പനികളായ ടി സിഎസ്, ഇൻഫോസിസ്, മൈൻഡ് ട്രീ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിൽ വൻ വർധന സൃഷ്ടിക്കാൻ രൂപയുടെ ദൗർബല്യം കാരണമാകും. ക്രൂഡോയിൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി നടത്തുന്ന പല സ്ഥാപനങ്ങൾക്കും രൂപയുടെ മൂല്യയിടിവ് കനത്ത ബാധ്യത സൃഷ്ടിക്കുകയാണ്. വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കും വിദേശത്ത് വിദ്യാഭ്യാസം തേടി പോകുന്നവർക്കും രൂപയുടെ മൂല്യം 80 കടന്നതോടെ
ആശങ്ക ശക്തമായി. ഇവരുടെ മൊത്തം ചെലവിൽ ഏഴ് ശതമാനത്തിലധികം വർധനയാണ് ഇതു മൂലമുണ്ടാകുക. അതേസമയം ഏഷ്യയിലെ മറ്റു സാമ്പത്തിക മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥിതി മെച്ചമാണെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ രൂപ. വിപണികളിൽ ഏറ്റവും മോശം പ്രകടനമാണ് പാക്കിസ്ഥാൻ രൂപ ഇന്നലെ നടത്തിയത്. ഈ മാസം ഇതുവരെ ഏകദേശം 9 ശതമാനമാണ് രൂപ ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഒഫ് പാക്കിസ്ഥാന്റെ (എസ്ബി പി) കണക്കുകൾ പ്രകാരം, ഇന്റർബാങ്ക് വിപണിയിൽ രൂപ മുൻ സെഷനിലെ 238.91 എന്ന
നിലയിൽ നിന്ന് 239.65 ലേക്ക് ഇടിയുകയായിരുന്നു. 2022 ജൂലൈയിലാണ് ഇതിനു മുൻപ് പാക്കിസ്ഥാൻ രൂപ ഇത്രയും തകർന്നത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലവാരത്തിലായിരുന്നു. പാക്കിസ്ഥാനിലുണ്ടായ കനത്ത വെള്ളപ്പൊക്കവും ഒപ്പം ഇറക്കുമതി നിരോധനം നീക്കിയതും രാജ്യത്ത് വലിയ സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. നാണയപ്പെരുപ്പം അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ദിനംപ്രതി ഇടിയുന്ന കറൻസി വില കാര്യങ്ങളെ കൂടുതൽ വഷളാക്കും. അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് മൊത്തം 9 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളും വായ്പകളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഡിസംബറിൽ നൽകേണ്ടിയിരുന്ന മൂന്ന് ബില്യൺ ഡോളർ കടത്തിന്റെ കലാവധി സൗദി അറേബ്യ ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.
Discussion about this post