പയ്യോളി : പയ്യോളിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. ഇന്നലെ രാത്രി മുതലാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹം പരക്കുന്നത്. ഇന്നലെ രാത്രി 9 45 യോടെ പയ്യോളി മുനിസിപ്പാലിറ്റി 25 -ാം ഡിവിഷനിലെ മീൻപെരിയ റോഡിനോട് ചേർന്ന പ്രദേശത്തെ വീട്ടമ്മയാണ് വീട്ടുമുറ്റത്ത് പുലിയെ പോലെ തോന്നിക്കുന്ന ഒരു ജീവി നിൽക്കുന്നതായി വിളിച്ച് പറഞ്ഞത്. തൊട്ടടുത്ത വീട്ടുകാരും ജീവിയെ കണ്ടതായി പറയുന്നു.
ഉടൻ തന്നെ പയ്യോളി പോലീസിലും ബന്ധപ്പെട്ടവരേയും വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെയും, കൗൺസിലറുടെയും നേതൃത്വത്തിൽ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ജീവിയെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. നായയുടെ വലിപ്പത്തിലുള്ള കാട്ടു പൂച്ചയെ പ്രദേശത്ത് കണ്ടതായി ചില പ്രദേശ വാസികൾ പറയുന്നുണ്ട്. ഇതിനിടെ വയനാട് ചുരത്തിലും മറ്റും കണ്ട കടുവയുടെ ചിത്രങ്ങൾ സഹിതം ചിലർ സോഷ്യൽ മീഡിയയിൽ ഭീതി പരത്തുന്ന പ്രചരണങ്ങളും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ പുലിയെ കണ്ട പത്രവാർത്തകൾ കൂടി ഓർക്കുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. എന്നാൽ ഭയപ്പാടാൻ തക്കതായി യാതൊന്നുമില്ലെന്നും, എങ്കിലും മുൻകരുതൽ എന്ന നിലയ്ക്ക് ചെറിയ കുട്ടികളെയും, വളർത്തു ജീവികളെയും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഭീതി പരത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് അധികൃതരും അറിയിക്കുന്നു. പ്രദേശത്ത് കണ്ടത് പുലിയാവാൻ സാധ്യതയില്ലെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു. അപൂർവ്വ വന്യജീവിയായ കാട്ടുപൂച്ചയെ (Jungle Cat) കൊയിലാണ്ടിയുടെ പരിസര പ്രദേശങ്ങളിൻ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. അത് കൊണ്ട് തന്നെ ജീവി കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്നാണ് നിഗമനം.
കാട്ടുപൂച്ചയെക്കുറിച്ച് കൂടുതലറിയാം…
കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ എന്ന വന്യജീവിയെ പകൽ വെളിച്ചത്തിൽ പോലും കണ്ടെത്തിയിരുന്നു. Felis Chaus എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നൊക്കെ ഇവ അറിയപ്പെടുന്നു. ഇടതൂർന്ന സസ്യജാലങ്ങളുള്ള ചതുപ്പുകൾ, കടൽത്തീരമേഖല, നദീതീരങ്ങൾ പോലുള്ള പ്രധാന തണ്ണീർതടങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രധാന വാസസ്ഥലങ്ങൾ.
ഐ യു സി എൻ റെഡ് ലിസ്റ്റിൽ ഇതിനെ വംശനാശ ഭീഷണി ഉള്ള ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലയിടത്തും പകൽ വെളിച്ചത്തിൽ ഇവയെ കാണാൻ കഴിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചെറിയ സസ്തനികളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഇരയെങ്കിലും മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ മനുഷ്യാവസമുള്ളിടത്തു വന്ന് തങ്ങളേക്കാൾ വലിപ്പമുള്ളവയെയും ഭക്ഷണമാക്കാറുണ്ട്. ഭൂമിശാസ്ത്രപരമായി ചെറിയ മാറ്റം ഉണ്ടെങ്കിലും ഡിസംബർ മുതൽ ജൂൺ വരെയാണ് സാധാരണയായി ഇവരുടെ പ്രജനന കാലം. ആറുമാസത്തോടെ തന്നെ കുഞ്ഞുങ്ങൾ സ്വയം ഇര പിടിക്കാൻ പ്രാപ്തരാവുന്നു. എട്ട് ഒമ്പത് മാസത്തിന് ശേഷം കുഞ്ഞുങ്ങൾ അമ്മയിൽ നിന്നും വേർപിരിഞ്ഞ് തനിയെ ജീവിക്കാൻ തുടങ്ങുന്നു. സാധാരണയായി ഇവയുടെ രോമങ്ങൾ മണൽ നിറത്തിലും ചുവപ്പ് കലർന്ന തവിട്ട് അഥവാ ചാരനിറത്തിലും കാണപ്പെടുന്നു. ചിലപ്പോൾ പ്രത്യേകമായി മെലാനിസ്റ്റിക്, ആൽബിനോ നിറങ്ങളിലും കാണാറുണ്ട്.
നീളമുള്ള കാലുകളുള്ള ഇടത്തരം വലിപ്പമുള്ള പൂച്ചകളാണ് കാട്ടുപൂച്ച. നിലവിലുള്ള ഫെലിസ് ഇനങ്ങളിൽ ഏറ്റവും വലിയ പൂച്ചകളാണിവ. പടിഞ്ഞാറ് ഇസ്രായേൽ മുതൽ കിഴക്ക് ഇന്ത്യവരെ എത്തുമ്പോൾ ഇവയുടെ ശരീര വലുപ്പം താരതമ്യേന കുറഞ്ഞു വരുന്നു. ആൺ-പെൺ രൂപവ്യത്യാസത്തിൽ പെൺപൂച്ചകൾ ആൺപൂച്ചകളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. വളർത്തു പൂച്ചയുടേതിനേക്കാൾ ചെറുതായ വാലിൽ രണ്ടു കറുത്തവരകളുണ്ട്. മുൻകാലുകളുടെ ഉൾവശത്തും വളയങ്ങൾ കാണപ്പെടുന്നു. വാലിന്റെ അറ്റം കറുപ്പ് നിറമാണ്. നെറ്റിയിലും കാലിലും മങ്ങിയ ചുവപ്പുനിറം കാണപ്പെടുന്നു. ഇവയുടെ വായും മൂക്കും ചേരുന്ന ഭാഗം വെളുത്ത നിറത്തിൽ കാണപ്പെടുന്നു.
പൂച്ചക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന വരയും പുള്ളികളും പ്രായമെത്തുമ്പോഴും ചിലപ്പോൾ ചില അടയാളങ്ങൾ നിലനിൽക്കും എന്നതൊഴിച്ചാൽ രോമക്കുപ്പായത്തിൽ മറ്റ് അടയാളങ്ങളൊന്നും കാണപ്പെടുന്നില്ല. എന്നാൽ തെക്കേ ഇന്ത്യയിലും മറ്റും കാണപ്പെടുന്ന ആൺ പൂച്ചകളുടെ ശരീരം പുള്ളികളോ അടയാളങ്ങളോ നിറഞ്ഞവയായും കാണപ്പെടുന്നുണ്ട്. വയർ സാധാരണയായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചെറുതാണ്. ഇരയെ പിന്തുടർന്ന് വേട്ടയാടുന്നതാണ് പൊതുവേയുള്ള രീതി. ഇരയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ചെവികൾ വളരെ യേറെ സഹായിക്കുന്നു. വലിപ്പം കൂടിയതും കൂർത്തതുമായ ചെവികൾക്ക് 4.5–8 സെന്റിമീറ്റർ വരെ നീളവും പിന്നിൽ ചുവപ്പ് കലർന്ന തവിട്ടുനിറവും ചേർന്നു കാണുന്നു. ഏകദേശം 15 മില്ലീമീറ്റർ നീളമുള്ള കറുത്ത രോമങ്ങളുടെ ഒരു ചെറിയ കൂട്ടം രണ്ട് ചെവികളുടെയും അഗ്രത്തിൽ നിന്ന് ഉയർന്നു കാണുന്നു.
Discussion about this post