റോം: ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് തള്ളി. കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസിലാണ് രണ്ട് ഇറ്റാലിയൻ നാവികർക്കെതിരെയുള്ള അന്വേഷണം തള്ളി റോം ജഡ്‌ജി ഉത്തരവായത്. വിചാരണയ്ക്ക് മതിയായ തെളിവുകൾ ഇല്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുൻപ് കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണി എന്ന മത്സ്യബന്ധന കപ്പലിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികരായ മിസിമിലിയാനോ ലട്ടോറെ സാൾവട്ടോർ ജിറോൺ എന്നിവർ വെടിവച്ചു കൊല്ലുകയായിരുന്നു. കേരള തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് എൻറിക്ക ലെക്സിയെ തടയുകയും രണ്ട് ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബർ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് കേസിനുപിന്നാലെ മടങ്ങിയത്.
ഇറ്റലിയിലെ പ്രതിരോധ മന്ത്രി കേസ് തള്ളിക്കളഞ്ഞ നടപടി സ്വാഗതം ചെയ്തു. 2021 ജൂണിൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന എഫ് ഐആർ ഇന്ത്യയിലെ സുപ്രീം കോടതി റദ്ദാക്കുകയും നാവികർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഒഫ് ദി സീ (യു എൻ സി എൽ ഒ എസ്) പ്രകാരം രൂപീകരിച്ച, ഇന്ത്യ ഒരു കക്ഷിയായ ആർബിട്രൽ ട്രൈബ്യൂണൽ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത് കണക്കിലെടുത്തായിരുന്നു സുപ്രീം കോടതി വിധി. 2.17 കോടി രൂപ നൽകിയതിന് പുറമേ പത്ത് കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നൽകിയിരുന്നു. മാത്രമല്ല കേസിൽ പുനരന്വേഷണം ആരംഭിക്കുമെന്നും ഇറ്റലി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
Discussion about this post