
പയ്യോളി: ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസ് വ്യാപാരശാലയിൽ വൻ കവർച്ച. അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇഷ ടവറിൽ പ്രവർത്തിക്കുന്ന എഫ് കെ ബ്രാൻ്റ് ഫാക്ടറി ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസസിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെ കട തുറക്കാനെത്തിയ ആളാണ് മോഷണം നടന്നതായി കണ്ടത്.

ഇഷ ടവറിൽ പ്രവർത്തിക്കുന്ന ഫെയ്മസ് ബേക്കറി, പയ്യോളി ഓട്ടോ സ്കാൻ വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെയും അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പ്ലാസ ഹോട്ടലിലും പൂട്ട് തകർത്ത് മോഷണശ്രമം നടത്തിയിട്ടുണ്ട്.

എഫ് കെ ബ്രാൻ്റ് ഫാക്ടറിയുടെ ഷട്ടർ പൂട്ടുകൾ തുറന്ന് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.ഇവിടെ വില്പനയ്ക്ക് വെച്ച ഗിറ്റാർ ഉപയോഗിച്ച് പുറത്തെ ചില്ല് തകർത്തു. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ പോലുള്ള വീട്ടുപകരണങ്ങൾ തുറന്നു പരിശോധിച്ചതായും മൂന്നോളം കൗണ്ടറുകളിൽ നിന്നും രേഖകളും മറ്റും വാരിവലിച്ച് പുറത്തേക്കിട്ടു. പണം വെക്കാനിടയുണ്ടെന്നു കരുതുന്ന എല്ലാ ഭാഗവും മോഷ്ടാക്കൾ പരിശോധിച്ചിട്ടുണ്ട്.

ഇവിടങ്ങളിലുള്ള മുഴുവൻ വസ്തുക്കളും വാരിവലിച്ചിട്ടു. ഗ്ലാസ് വാതിൽ തുറക്കുന്നതിന് ഉപയോഗിച്ച നീളമുള്ള കമ്പിയും കട്ടർ പ്ലയറും ഇവിടെ തന്നെ ഉപേക്ഷിച്ചതായി കാണുന്നുണ്ട്. എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നിരവധി വിലപിടിച്ച ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തിയിട്ടുണ്ട്. കംപ്യുട്ടർ മോണിറ്ററുകൾ അടിച്ചു തകർത്തു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.




അയനിക്കാട് എഫ് കെ ബ്രാൻ്റ് ഫാക്ടറി ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസസിലും സമീപത്തെ കടകളിലും കവർച്ച.. വീഡിയോ കാണാം..
Discussion about this post