കോഴിക്കോട്: വ്ളോഗറും യൂട്യൂബറുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. യുവതിയുടെ കഴുത്തിൽ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. രണ്ട് ദിവസത്തിനകം വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കബറടക്കിയ പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
മൃതദേഹം വലിയ രീതിയിൽ അഴുകിയിട്ടില്ലാത്തതിനാല്‍ കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിച്ചേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
മാർച്ച് ഒന്നിനാണ് റിഫയെ ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിലെത്തിച്ച് കബറടക്കി. തുടർന്ന് മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
Discussion about this post