പയ്യോളി: പഞ്ചായത്തീരാജ് യഥാർഥ്യമായിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയായി. അധികാരം താഴേത്തട്ടിലേക്ക് ലഭിച്ചിട്ടും, ഫണ്ടുകൾ ഏറെ കിട്ടിയിട്ടും, ത്രിതല പഞ്ചായത്തുകൾക്ക് അധികാരങ്ങൾ ഏറെയുണ്ടായിട്ടും ജനകീയാസൂത്രണത്തിലൂടെ പദ്ധതികൾ തയ്യാറാക്കിയിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതാണ് പയ്യോളി പാണ്ടികശാല വളപ്പിൽ കോളനിക്കാരുടെ സ്ഥിതി.
ഒരു മഴ പെയ്താൽ മുട്ടോളം വെള്ളം കയറും. വീടിനകത്ത് വരെ വെളളമെത്തും. വീട് താമസ യോഗ്യമല്ലാതാവും. പ്രാഥമിക കൃത്യങ്ങൾ പോലും സാധിക്കാനാവാത്ത അവസ്ഥ. ശുചി മുറിയിലും മുട്ടൊപ്പം വെള്ളം കയറിയതിനാൽ അത് ഉപയോഗശൂന്യം.
മലിനജലത്തിലൂടെ വഴി നടക്കാൻ കഴിയില്ല. കക്കൂസ് മാലിന്യങ്ങൾ കലർന്ന വെള്ളക്കെട്ട്, പകർച്ചവ്യാധികൾക്ക് കാരണമാകാത്തത് ഭാഗ്യമെന്നേ പറയാനാവൂ. ഇത് മറ്റെവിടെയുമല്ല, പയ്യോളി നഗരസഭയിലെ 27 -ാം ഡിവിഷനിൽ പാണ്ടികശാല വളപ്പിൽ കോളനിയിലാണ്. അവിടെ ജീവിക്കുന്ന കുറേ മനുഷ്യരും.
കൃത്യമായി പറഞ്ഞാൽ 22 കടുംബങ്ങൾ. എല്ലാ മഴയിലും വെള്ളം കയറി ദുരിതമനുഭവിക്കുന്നവർ. അവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണിത്.
ഓരോ മഴക്കാലത്തും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെത്തും ദുരിതങ്ങൾ കാണും, അടുത്ത വർഷമാവുമ്പോഴേക്ക് പരിഹാരമാവുമെന്ന് ഉറപ്പ് നൽകും. പിന്നീട് ആ സുന്ദര വാഗ്ദാനങ്ങൾ ജലരേഖയാവും. അതു കൊണ്ട് തന്നെ ഇപ്പോൾ ഇവിടത്തുകാർക്ക് ആരിലും ഒരു വിശ്വാസവുമില്ലാതായി.
22 ൽ 8 കുടുംബങ്ങളാണ് വെള്ളക്കെട്ടിൻ്റെ ദുരിതമേറെ അനുഭവിക്കുന്നവർ. പാണ്ടികശാല വളപ്പിൽ കോളനി ആതിഥേയൻ, രാമദാസ്, മനോഹരൻ, വിശ്വംഭരൻ, ഹംസ, പത്മാവതി, ഗോപിനാഥൻ, പ്രതീശൻ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചില വീടുകളിൽ കുഴൽ കിണറുണ്ട്. വെള്ളം കയറി മലിനമായതോടെ കുഴൽ കിണറും ഉപയോഗയോഗ്യമല്ലാതായി.
കൃത്യമായ പ്ലാനിങ്ങിലും ശാസ്ത്രീയമായും ഓവുചാൽ പണിതാൽ മാത്രമേ ഇവിടുത്തെ വെള്ളക്കെട്ടിന് അറുതിയുണ്ടാവൂയെന്ന് കോളനി നിവാസികൾ പറയുന്നു. ഇത് കേൾക്കാനും പരിഹാരമുണ്ടാക്കാനും, പാണ്ടികശാല വളപ്പിൽ കോളനിയിൽ താമസിക്കുന്നവരും മനുഷ്യരാണെന്ന് അംഗീകരിക്കാനും ആരെങ്കിലും എന്നെങ്കിലും തയ്യാറാകുമോ…?
Discussion about this post