നന്തി: യോഗ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെ തുടർന്ന് ഇന്നും ലേബർ ക്യാംപ് ഉപരോധിക്കുന്നു. ഇന്നലെ നന്തി ശ്രീശൈലംകുന്ന് ലേബർ ക്യാംപിൽ നടന്ന ഉപരോധസമരത്തെ തുടർന്ന് ആർ ഡി ഒ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കമ്പനി അധികൃതർ, സമരസമിതി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾക്ക് പുല്ലുവില. അടിയന്തര പ്രാധാന്യമുള്ള രണ്ട് തീരുമാനങ്ങൾ നടപ്പിലാക്കാതെ ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് വഗാഡ് ഇൻഫ്രാ പ്രൊജക്ട് കമ്പനി. ഇതോടെ ശക്തമായ ഉപരോധവുമായി ഇന്നും സമരസമിതി ലേബർ ക്യാംപിൽ സമരമാരംഭിച്ചു.
ഇതിനിടെ സമരം താത്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരിയുടെ നേതൃത്വത്തിൽ സമരക്കാരുമായി സംസാരിച്ചിരുന്നുവെങ്കിലും ഉപരോധം നിർത്തിവെക്കാൻ സമരക്കാർ തയ്യാറായില്ല. തീരുമാനങ്ങൾ നടപ്പാക്കുന്നതിന് നാലുദിവസം കൂടി വഗാഡ് കമ്പനിക്ക് സാവകാശം നൽകണമെന്നും സമരം പിൻവലിക്കാനുമായിരുന്നു ആവശ്യം. ജില്ലാ കളക്ടർ നിർദ്ദേശമനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് സമരക്കാരുമായി സംസാരിക്കാൻ ഇവരെ നിയോഗിച്ചത്. സമരം നിർത്താൻ തയ്യാറല്ലെന്നും ലേബർ ക്യാപിലുള്ളവർ ഒഴിഞ്ഞുപോകും വരെ സമരം തുടരുമെന്നും സമരക്കാർ അറിയിച്ചു. ഇതേതുടർന്ന് വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
ശ്രീശൈലംകുന്നിലെ വഗാഡ് ലേബർ ക്യാംപ് നിർത്തിവെക്കണമെന്നും മലിനമായ ജലത്തിന് പകരം അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ടും സി പി ഐ എം നേതൃത്വത്തിൽ ലേബർ ക്യാംപിന് മുന്നിൽ ഇന്നലെ നടന്ന ഉപരോധസമരം ആർ ഡി ഒ നേരിട്ടെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു. സമരത്തെ തുടർന്ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിലെടുത്ത സുപ്രധാന തീരുമാനങ്ങൾ ആർ ഡി ഒ ബിജു നേരിട്ടെത്തി സമരക്കാരെ അറിയിച്ചതിനെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്.
Discussion about this post