തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 57-കാരന് 34 വർഷം കഠിനതടവും 70,000 രൂപ പിഴയും. വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശനെ(57)യാണ് ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്ന കുട്ടിയെ വീട്ടിൽ വെച്ചായിരുന്നു ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യപിച്ച് അബോധാവസ്ഥയിലായ ശേഷം സഹോദരനെ മിഠായി വാങ്ങാൻ അയച്ചശേഷം കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറയുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവ്, ബലാത്സംഘ ശ്രമത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവ്, പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവ്, കുട്ടിയെ ആവർത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post