കൊച്ചി: പീഢന കേസില്‍ ദുബൈയില്‍ ഒളിവിൽ കഴിയുന്ന നടന് വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഇന്റർപോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടി പൂര്‍ത്തിയായി.
കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിജയ് ബാബുവിന് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ മെയ് 19ന് ശേഷം അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. പൊലീസ് ഇത് തള്ളുകയും പിന്നീട് ഇന്റര്‍പോളിന്റെ സഹായം തേടുകയുമായിരുന്നു. ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കാനായി വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കി. ആവശ്യമെങ്കില്‍ ദുബൈ പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുമാകും. പ്രതി ദുബൈയില്ത്തന്നെയാണെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Discussion about this post