പട്‌ന: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായ ആക്രമണത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍. ബിഹാറിലെ കതിഹാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 45-കാരിയാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. യുവതിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 26-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദ് ഷമീം എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. യുവതിയും ഒമ്പതുവയസ്സുള്ള മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ വീടിന് പുറത്ത് എന്തോ ശബ്ദം കേട്ടതോടെ യുവതി പുറത്തിറങ്ങി നോക്കിയപ്പോള്‍ അയല്‍ക്കാരനായ ഷമീം വീടിന് പുറത്ത് നില്‍ക്കുന്നതാണ് കണ്ടത്. എന്താണ് കാര്യമെന്ന് അന്വേഷിക്കാനിറങ്ങിയപ്പോള്‍ യുവാവ് ഇവരെ പിടിച്ചുവെയ്ക്കുകയും സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുബലാത്സംഗശ്രമം ചെറുത്തതോടെ പ്രതി യുവതിയുടെ കൈകള്‍ കെട്ടിയിട്ടു. എന്നാല്‍ യുവതി ഉറക്കെ ബഹളംവെച്ചു. ഇതോടെ യുവതിയുടെ വായില്‍ ചെടികളും വേരുകളും തിരുകിക്കയറ്റി. തുടര്‍ന്നും ബലാത്സംഗശ്രമം ചെറുത്തതോടെ പ്രതി യുവതിയെ വീണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തുടര്‍ച്ചയായ മര്‍ദനത്തില്‍ യുവതിയുടെ രണ്ട് കണ്ണുകള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവതി ആക്രമിക്കപ്പെട്ടപ്പോള്‍ ഒമ്പത് വയസ്സുള്ള മകളും സംഭവസ്ഥലത്തുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം വീടിന് പുറത്തിറങ്ങിയ മകളുടെ മുന്നിലിട്ടാണ് പ്രതി ബലാത്സംഗശ്രമം നടത്തിയത്.പരിക്കേറ്റ യുവതിയെ അംദാബാദിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കതിഹാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ദൃക്‌സാക്ഷിയായ മകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയുടെ മൊഴിയും രേഖപ്പെടുത്തും. യുവതിയുടെ ഭര്‍ത്താവ് മറ്റൊരിടത്താണ് ജോലിചെയ്യുന്നതെന്നും അറസ്റ്റിലായ പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും മനിഹാരി എസ്.എച്ച്.ഒ. മനോജ്കുമാര്‍ പറഞ്ഞു






































Discussion about this post