മനുഷ്യരാശിയെ സൻമാർഗത്തിലേക്ക് നയിക്കാൻ പരിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവതരിച്ച മാസമാണ് റമളാൻ. റമളാനിൻ്റെ ശ്രേഷ്ഠതയ്ക്കും പുണ്യത്തിനും കാരണവും കൂടിയാണ് ഖുർആനിൻ്റെ അവതരണം.
ജനങ്ങൾക്ക് മാർഗദർശനമായും, നേർവഴി കാണിക്കുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിച്ച മാസമാകുന്നു വിശുദ്ധ റമളാൻ. (ബഖറ 185)
റമളാനിനെ ബഹുമാനിക്കുകയും ആചരിക്കുകയും ചെയ്യുകയെന്നത് വിശുദ്ധ ഖുർആനിനെ ബഹുമാനിക്കുകയും ആ ചരിക്കുകയും ചെയ്യുന്നതിനു തുല്യമാണ്. വിശുദ്ധ ഖുർആൻ പാരായണവും ആശയ പഠനവും റമളാനിൻ്റെ കൂടെ ഭാഗമാകണം.
കർമ്മങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പ്രതിഫലമുള്ള വിശുദ്ധ റമളാനിലെ ലൈലത്തുൽ ഖദ്റിലാണ് ഖുർആൻ അവതരിച്ചത്. സൂറത്തുൽ അലഖിലെ അഞ്ചു വചനങ്ങളാണ് ആദ്യമായി അവതരിച്ചത്. പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് 40 വയസ്സും ആറു മാസവും ആറു ദിവസവും പ്രായമുള്ളപ്പോഴാണ് മക്കയിലെ ജബലുന്നൂർ പർവത ശിഖരത്തിലുള്ള ഹിറാ ഗുഹയിൽ ജിബ് രീൽ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു ഖുർആൻ ഇറക്കിയത്. തുടർന്ന് 23 വർഷക്കാലത്തെ വിവിധ ഘട്ടങ്ങളിലായാണ് ഖുർആനിൻ്റെ അവതരണം പൂർത്തിയായത്.
114 അധ്യായങ്ങളുള്ള ഖുർആനിൽ 6236 ആയത്തുകളാണുള്ളത്. 75000 പദങ്ങളും മൂന്നരലക്ഷം അക്ഷരങ്ങളും, വാഗ്ദാനങ്ങൾ ആയിരം, താക്കീതുകൾ ആയിരം, കൽപ്പനകൾ ആയിരം,
നിരോധനകൾ,ആയിരം, ഉപമകൾ ആയിരം, എന്നിങ്ങനെയാണുള്ളത്.
പ്രവാചകൻ്റെ ചരിത്ര പ്രസിദ്ധമായ ഹിജ്റക്ക് മുമ്പ് ഇറങ്ങിയ സൂറകളെ മക്കിയ്യ് എന്നും ശേഷം ഇറങ്ങിയ സുറകളെ മദനിയ്യ് എന്നും പറയുന്നു.
Discussion about this post