സുകൃതങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാൻ. പ്രവാചകൻ(സ) തൻ്റെ അനുചരന്മാരെ വിശുദ്ധ റമളാനിൻ്റെ വരവറിയിച്ച് സന്തോഷം അറിയിക്കുകയും അനുഗ്രഹങ്ങൾ ലഭ്യമാക്കുന്നതിന് ആത്മാവിനെയും ശരീരത്തെയും പാകപ്പെടുത്താൻ അവരെ ഓർമപ്പെടുത്താറുമുണ്ടായിരുന്നു. ആത്മനിയന്ത്രണം നേടിയെടുക്കാൻ സാധ്യമാക്കുന്ന പരിശീലന കളരി കൂടിയാണ് റമളാൻ. ഭക്ഷണം, പാനീയം, ദാമ്പത്യ ലൈംഗിക സുഖം തുടങ്ങിയ ഹലാലുകളെയാണ് (അനുവദനീയം )റമളാനിൽ വിശ്വാസികൾ ഉപേക്ഷിക്കുന്നത്.
ഹലാലുകളെ തന്നെ ഉപേക്ഷിക്കാൻ സാധ്യമെങ്കിൽ ഹറാമുകളെ (നിഷിദ്ധം) തീർച്ചയായും കയ്യൊഴിക്കാൻ സാധ്യമാകുമെന്ന ആത്മവിശ്വാസമാണ് റമളാൻ നൽകുന്നത്.
ആത്മ സംസ്കരണവും സ്വഭാവ സംസ്കരണവും റമളാനിൽ വിശ്വാസിയുടെ ലക്ഷ്യമാകണം. ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവരുടെ നോമ്പ് കേവലം പട്ടിണി മാത്രമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
കളവും ദുഷിച്ച പ്രവർത്തനങ്ങളും ഒഴിവാക്കുകയും വഴക്കിന് വരുന്നവരോട് ‘ഞാൻ നോമ്പുകാരനാണ്’ എന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ നോമ്പുകാരൻ.
സൂക്ഷ്മതയുള്ള ജീവിതമാണ് റമളാൻ നോമ്പിനെ ലക്ഷ്യമായി ഖുർആൻ പറഞ്ഞിട്ടുള്ളത്.
‘ഓ സത്യവിശ്വാസികളെ, പൂർവ്വ സമുദായത്തിന് നോമ്പ് നിയമമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിയമമാമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ സൂക്ഷ്മതയുള്ളവരാകൻ വേണ്ടി.
വിശ്വാസിയുടെ വാക്കുകളും പ്രവൃത്തികളും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ഈ സൂക്ഷ്മത ഉണ്ടാകുമ്പോൾ മാത്രമേ നോമ്പിൻ്റെ ലക്ഷ്യ പൂർത്തീകരണം സാധ്യമാവുകയുള്ളൂ.
Discussion about this post